ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കോർ ഗ്രൂപ്പിന്റെ നിർണായക യോഗം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ ചേർന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുതിർന്ന കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ജെ.പി. നദ്ധ, പാർട്ടി പ്രസിഡന്റ് നിതിൻ നബീൻ എന്നിവരുൾപ്പെടെ ബിജെപിയുടെ ഉന്നത നേതൃത്വം പങ്കെടുത്തു.
വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മത്സരിക്കേണ്ട സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് അന്തിമ രൂപം നൽകാനാണ് യോഗം പ്രധാനമായും ഒത്തുകൂടിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളും യോഗത്തിൽ വിശദമായി വിലയിരുത്തി. സംസ്ഥാന ഘടകങ്ങൾ സമർപ്പിച്ച സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വം പരിശോധിച്ചതായും സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
രാജ്യസഭയിൽ പാർട്ടിയുടെ ഭൂരിപക്ഷം നിലനിർത്തുന്നതിനും വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനങ്ങളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ രൂപീകരിക്കുന്നതിനും ബിജെപിക്ക് ഏറെ നിർണായകമാണ് ഇന്നലെ നടന്ന ഈ ഉന്നതതല യോഗം.